ജപ്പാൻ നാഷണൽ അത്‌ലറ്റിക്‌സ് ടീമിന്റെ ക്യാപ്റ്റൻ ആണ് ജൂനിച്ചി ഇനാമോട്ടോ. അപാര ടാലന്റെഡ് ആയ അത്‌ലറ്റ്. പക്ഷെ അതിലേറെ ഒരു മടിയനും കൂടിയാണയാൾ.
ഈയിടെ, സ്പോർട്സ് കോട്ടയിൽ ഒരു പോസ്റ്റ് മാൻ ആയി ജോലി ലഭിച്ചതോടു കൂടി പ്രാക്ടീസ് ഒക്കെ നിലച്ച മട്ടായി. ജപ്പാനിലെ ആൾതാമസം തീരെ കുറഞ്ഞ ഒരു മലയോര മേഖലയിൽ ആയിരുന്നു പോസ്റ്റിങ്. അവിടെ മാസത്തിൽ ഒരു തവണ ആർക്കെങ്കിലും ഒരു കത്ത് വന്നാൽ ആയി. ചുരുക്കി പറഞ്ഞാൽ സുഖ ജീവിതം. ജോലിയും കുറവ്, പ്രാക്ടീസും ചെയ്യണ്ട.. ചുമ്മാ, ഓഫീസിൽ സിനിമയും സീരീസും കണ്ടു സമയം ചിലവഴിക്കാം.
അങ്ങനെ സുഖ ജീവിതം നയിക്കുമ്പോൾ ആണ് ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ഇരുപതിലേറെ കത്തുകൾ തന്റെ പോസ്റ്റ് ഓഫീസിലേക്ക് വരുന്നത്. ഇരുപതു കത്തുകൾ ഈ ചെങ്കുത്തായ മലകൾ നടന്നു കയറിയറങ്ങി ഡെലിവറി ചെയ്യുവാൻ കുറഞ്ഞത് അഞ്ചു മണിക്കൂർ എങ്കിലും എടുക്കും. നടന്നു തന്നെ പോകുകയും ചെയ്യണം.
കത്ത് അയച്ചവരെ മനസ്സിൽ ശപിച്ചു കൊണ്ടു അയാൾ മലകൾ കയറി ഇറങ്ങി ഓരോ കത്തും അതാതു വീടുകളിൽ എത്തിച്ചു. തിരിച്ചു പോസ്റ്റ് ഓഫിസിൽ എത്തിയപ്പോൾ അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ദിവസേന ഇത്രയധികം കത്തുകൾ വരാത്തത് തന്റെ ഭാഗ്യം എന്നു എന്നാശ്വസിച്ചുകൊണ്ടു ഓഫീസും പൂട്ടി അയാൾ വീട്ടിലേക്കു നടന്നു.
പക്ഷെ ഭാഗ്യം അയാളെ തുണച്ചില്ല. പിന്നീടുള്ള ഓരോ ദിവസവും അയാൾക്ക് ഒരു ദിവസം മുഴുവൻ മലകയറി ഇറങ്ങി നടന്നു ഡെലിവർ ചെയ്യാൻ ഉള്ള കത്തുകൾ ലഭിച്ചു കൊണ്ടേയിരുന്നു. അത്‌ലറ്റിക്‌സ് ട്രെയിനിങ് ക്യാംപിൽ പോലും ഇത്രക്ക് കഷ്ടപെടേണ്ടി വന്നിട്ടില്ല.
ആയിടക്കാണ് നാഷണൽ ടീമിന്റെ പരിശീലകൻ അയാളെ ഫോണ് വിളിക്കുന്നത്.
" എന്തൊക്കെയുണ്ട് ജൂനിച്ചി, പോസ്റ്റ് മാൻ ആയുള്ള ജീവിതം ഒക്കെ എങ്ങനെ പോകുന്നു ? "
" എന്തു പറയാൻ ആണ് കോച്ച് ! കോച്ചിന്റെ ട്രെയിനിങ് ക്യാമ്പിനേക്കാൾ കഷ്ടപാടാണ് ഇവിടെ !! ദിവസേന മലകൾ കയറിയിറങ്ങി മടുത്തു. ഈ ഉൾനാട്ടിലേക്കൊക്കെ ദിവസേന കത്തെഴുതുന്നവർ ആരാണോ എന്തോ ? "
" സംശയിക്കേണ്ട, അതു ഞാൻ തന്നെയാണ് ശിഷ്യാ. നീ അവിടെ ഓഫീസിൽ ഒരു പണിയും ഇല്ലാതെ മടി പിടിച്ചിരുന്നു ഫിറ്റ്നസ് കളയണ്ട എന്നു വിചാരിച്ചു ചെയ്തതാണ്. കാലുകൾക്ക് ഇതിലും നല്ലൊരു എക്സർസൈസ് ഇല്ല !
എന്തായാലും ഇനി നീ അവിടെ നിൽക്കേണ്ട. അടുത്ത ആഴ്ച മുതൽ ട്രെയിനിങ് ക്യാമ്പ് തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് ഇങ്ങോട്ടു പോരാൻ നോക്ക്. ബാക്കി കത്തുകൾ അതു കഴിഞ്ഞിട്ടു ഡെലിവർ ചെയ്താ മതി."
" ശരി കോച്ച് . എത്രയും പെട്ടെന്ന് തന്നെ ഞാൻ ക്യാമ്പിൽ ജോയിൻ ചെയ്യാം. "
ഗുരുവിനോടുള്ള അനാദരവ്, ജാപ്പനീസ് സംസ്കാരത്തിൽ പൊറുക്കാനാവാത്ത ഒരു തെറ്റാണ്. അതു കൊണ്ടു മാത്രം, തന്റെ ഉള്ളിൽ ഉയർന്നു വന്ന ദേഷ്യത്തെ കടിച്ചമർത്തിക്കൊണ്ടു ജൂനിച്ചി ട്രെയിനിങ് ക്യാമ്പിനു പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

Comments
Post a Comment